ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കപ്പെട്ട നീറ്റ് യുജിയുടെ പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വൈകുന്നേരം 5.15 വരെ നടക്കും. രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി 22.79 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷയ്ക്കു രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വിദ്യാർഥികൾ രാവിലെ 11 നും ഉച്ചക്ക് 1.30 നുമിടയിൽ പരീക്ഷാകേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം. 1.30 ന് പ്രവേശനകവാടങ്ങൾ അടയ്ക്കുമെന്നും അതിനുശേഷം ആരെയും പ്രവേശിപ്പിക്കില്ലെന്നും പരീക്ഷ നടത്തുന്ന ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) വ്യക്തമാക്കി.
ആൾമാറാട്ടം ഒഴിവാക്കാൻ മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിച്ചുള്ള പരിശോധനയും ബയോമെട്രിക് പരിശോധനയും നടത്തും. ചോദ്യപേപ്പർ സുരക്ഷിതമാക്കാൻ ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളും കേന്ദ്രസേനയുടെ കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. പരീക്ഷാനടത്തിപ്പിനായി ജില്ലാ ഭരണകൂടങ്ങൾ, പോലീസ്, വിവിധ ഏജൻസികൾ എന്നിവയുൾപ്പെടെ രണ്ടു ലക്ഷത്തിലധികം ഉദ്യോഗസ്ഥരെയാണു വിന്യസിച്ചിരിക്കുന്നത്.
മേയ് മാസം നടന്ന ആദ്യ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതോടെ കനത്ത സുരക്ഷാവലയത്തിലാണ് പുനഃപരീക്ഷ എൻടിഎ ക്രമീകരിച്ചിരിക്കുന്നത്.
ക്രമക്കേടുകൾ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഡെറാഡൂൺ, ബംഗളൂരു, കച്ചാർ തുടങ്ങിയ വിവിധ നഗരങ്ങളിലെ പരീക്ഷാകേന്ദ്രങ്ങൾക്കു ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ പരീക്ഷാകേന്ദ്രങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ അഞ്ചോ അതിൽ കൂടുതലോ ആളുകൾ കൂട്ടംകൂടുന്നത് നിരോധിച്ചു. കൂടാതെ സൈബർ കഫേകൾ, സെറോക്സ് കടകൾ എന്നിവയും പരീക്ഷാസമയത്ത് അടച്ചിടാൻ നിർദേശമുണ്ട്.
പരീക്ഷയ്ക്കുമുന്നോടിയായി ഇന്നലെ രാജ്യവ്യാപകമായി മോക്ഡ്രിൽ നടത്തിയിരുന്നു.